ടുജീവിതത്തിന് ശേഷം ബെന്യാമീന്റെ മറ്റൊരു നോവൽ വായിക്കുന്നത് ഈ വർഷമാണ്. സുഹൃത്തുക്കളുടെ റിവ്യൂ പറച്ചിൽ കേട്ട് എന്നാൽ അതൊന്ന് വായിക്കണമെന്ന വിചാരത്തിൽ നിന്നാണ് ഈ വർഷത്തെ ആദ്യ നോവൽ വായന പൂർത്തീകരിക്കുന്നത്. 2011 ആഗസ്റ്റ് മാസത്തിലായിരുന്നു അതിന്റെ ആദ്യ എഡിഷൻ പുറത്തിറങ്ങിയത് എന്ന് മനസ്സിലാക്കിയ എനിക്ക് എന്ത് കൊണ്ട് വൈകി എന്ന കുറ്റബോധം  മനസ്സിൽ ഇപ്പോഴും തളം കെട്ടിക്കിടക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടന്റെ ഭരണപ്രദേശമായ ഷാഗൊസ് ദ്വീപസമൂഹങ്ങളിൽ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർഷ്യയാണ് കഥ നടക്കുന്നത്. വൻകരയെന്ന കേരളവും തമിഴ്നാട്ടിലെ ചിലയിടങ്ങളും കഥയിലെ ഭാഗമാവുന്നുണ്ട്.ക്രിസ്റ്റി അന്ത്രപ്പേർ എന്ന മുഖ്യ കഥാപാത്രത്തെ തേടി എഴുത്തുകാരൻ ബെന്യാമീനും സുഹൃത്ത് അനിലും വല്യേടത്ത് വീട് എന്ന കേരളത്തിലെ ഉദയംപേരുരിലെ മറിയം സേവ നടത്തുന്ന വീട്ടിലെത്തി മെൽജോ എന്ന ചെറുപ്പകാരനുമായി സംവദിക്കുന്നതാണ് നോവലിന്റെ തുടക്കത്തിൽ കാണുന്നത്. പിന്നീട് കഥ ഡീഗോ ഗാർഷ്യയിലെത്തുന്നു. കഥാ നായകൻ ക്രിസ്റ്റി അന്ത്രപ്പേറിന്റെ ജീവിതമാണ് പിന്നീടങ്ങോട്ട് . അന്ത്രപ്പേർ കുടുംബം ഡീഗോ ഗാർഷ്യയിലെ വലിയ ഒരു കുടുംബമായിരുന്നു. ആ ദ്വീപിനെ വളർത്തിയതിൽ വലിയ പങ്ക് അന്ത്രപ്പേർ കുടുംബത്തിനായിരുന്നു എന്ന് കഥയിൽ വിവരിക്കുന്നുണ്ട്.ക്രിസ്റ്റി അന്ത്രപ്പേർ തന്റെ സ്ക്കൂൾ കാലത്തെ സുഹൃത്തുക്കളെ തേടി നടക്കുന്നു. ജസിന്ത എന്ന സുഹൃത്തുമായി കോഫി ഷോപ്പിൽ സംഗമിക്കുമ്പോൾ അവിടെ ഒരു കൊലപാതകം നടക്കുന്നു. കൊല്ലപ്പെട്ടത് തന്റെ സഹപാഠിയായിരുന്ന സെന്തിൽ ആണെന്ന് ജസിന്ത ക്രിസ്റ്റിയോട് പറയുന്നു. പിന്നീട് കഥ ഒരു ഡിറ്റക്ടീവ് നോവൽ രീതിയിലേക്ക് മാറുന്നു. കൊലപാതകിയെത്തേടിയുള്ള അന്ത്രപ്പേറിന്റെ അന്വേഷണം ജീവിതം, രാഷ്ടീയം, പ്രണയം, അധികാരം തുടങ്ങിയ മേഖലകളിലൂടെ കടന്ന് പോകുന്നു. എഴുത്തുകാരൻ ചരിത്രം, അന്വേഷണം, തുടങ്ങിയ രീതികളാണ് നോവലിൽ പ്രയോഗിച്ചിരിക്കുന്നത്. ഇത്  ആടുജീവിതം പോലെ സംഭവിച്ചത് തന്നെ ആണോ എന്ന് വായനക്ക് വിരാമമിടുന്ന വായനക്കാരന്റെ മനസ്സിൽ ചോദ്യ ചിഹ്നം ഇടുന്നു. ഇടങ്ങളും കുടുംബവും പേരുമെല്ലാം യാതാർഥ്യമായത് കൊണ്ട് സംശയത്തിന് ബലം വെക്കുന്നു. വ്യാഴചന്ത എന്ന ബെന്യാമിന്റെ സുഹൃത്ത് വലയം അന്ത്രപ്പേറിന്റെ ചരിത്രവും പിതാക്കന്മാരുടെ പുസ്തകവും തേടി നടക്കുന്നതാണ് നോവലിന്റെ രീതി. അന്ത്രപ്പേറിന്റെ തിരോധാനം, സെന്തലിന്റെ കൊലപാതാകിയിലുള്ള അജ്ഞത, തുടങ്ങി ചിലയിടങ്ങളിലെ പൂർത്തീകരിക്കാത്ത കാര്യങ്ങൾ അവസാനം വായനക്കാരന് നിരാശ ജനിപ്പിക്കുന്നതും രണ്ടാം ഭാഗത്തിനുള്ള സാധ്യത സൂചിപ്പിക്കുന്നതുമാണ്.

DC Books ആണ് പ്രസാധകർ. 


ഖമറുദ്ദീൻ തെഞ്ചേരി