അടങ്ങാത്ത സ്വാതന്ത്ര്യദാഹവുമായി സമരരണാങ്കത്തിലേക്ക് ഇന്ത്യൻ മുസ്ലിമുകളുടെ മുന്നേറ്റത്തിന് ആവേശജ്ജ്വലമായ പ്രേരകശക്തിയായി വർത്തിച്ചത് റഈസുൽ അഹറാർ മൗലാന മുഹമ്മദലി ആയിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിൽ ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞുവീശിയ മൗലാന തൻറെ ത്യാഗ സുരഭിലമായ രാഷ്ട്രീയ ജീവിതം കൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിസ്തുലമായ ഒരു അധ്യായം എഴുതിച്ചേർത്തു. 1878 ഡിസംബർ 10ന് ഉത്തർപ്രദേശിലെ റാംപൂരിൽ അബ്ദുൽ അലിഖാന്റെയും ആബിദ ബാനു ബീഗത്തിന്റെയും അഞ്ചാമത്തെ മകനായി അദ്ദേഹം ജനിച്ചു. മൗലാന മുഹമ്മദലി എന്ന ധീരനായ പോരാളിയെ ഭാരതത്തിന് സമ്മാനിച്ചതിന് പിന്നിൽ അദ്ദേഹത്തിൻറെ ഉരുക്ക് വനിതയായ മാതാവിൻറെ ജീവിതം വിസ്മരിക്കാവുന്നതല്ല. അദ്ദേഹത്തിറെ മാതാവ് ബിഗം അമ്മ എന്ന പേരിലാണറിയപ്പെട്ടത്. ഇരുപത്തിയേഴാം വയസ്സിൽ വിധവയായ ബീഗം മൗലാന മുഹമ്മദലിയെയും മൗലാന ഷൗക്കത്തിലെയും ഉൾപ്പെടെ ആറ് മക്കളെ വളർത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടവീര്യത്തിന് ശക്തി പകർന്നത്. ബിഗം അമ്മ അവരുടെ സ്ത്രീത്വത്തിന്റേയും വൈധവ്യത്തിന്റെയും പരിമിതികൾക്കിടയിലും വീടുകൾ കയറിയിറങ്ങി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരായ ജനങ്ങളെ ഉൽബുദ്ധരാക്കിയിരുന്നു. അവർ കേരളത്തിൽ വരെ വന്ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേരാൻ ജനങ്ങളെ പ്രേരിപ്പിച്ചു. പരിശുദ്ധ ഖുർആൻ ചെറുപ്രായത്തിലേ പഠനം ആരംഭിച്ച മുഹമ്മദലി ഇസ്ലാമിക കാര്യങ്ങളിൽ അതീവ താത്പര്യം കാണിച്ചിരുന്നു. ഖുർആൻ പഠനത്തിനുശേഷം അദ്ദേഹം ഇംഗ്ലീഷ് ഭാഷ ഏറെ പ്രതികൂല സാഹചര്യങ്ങളെ മതികടന്നുകൊണ്ട് പഠിച്ചു. ശേഷം അലിഗർ ഹൈസ്കൂളിലും അലിഗറിലെ എം എ കോളേജിലും അവസാനം ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കി. പഠനകാലത്ത് തന്നെ അദ്ദേഹം കോളേജിലെ അറിയപ്പെടുന്ന എഴുത്തുകാരനും വാഗ്മിയും ആയിരുന്നു. ഓക്സ്ഫോർഡ് പഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം ചില ഉദ്യോഗങ്ങൾ വഹിക്കുകയും ശേഷം 1911 ജനുവരി 14ന് കൽക്കത്തയിൽ നിന്നും 'കോമ്രേഡ്' എന്ന ഇംഗ്ലീഷ് പത്രം ആരംഭിക്കുകയും ചെയ്തു. കോമ്രേഡിലെ സ്വാതന്ത്ര്യദാഹം അനുഭവിക്കുന്ന മുഹമ്മദലിയുടെ എഴുത്തുകൾ സാമ്രാജ്യത്വ ഭരണകൂടത്തെ അതിശക്തമായി വിമർശിക്കുന്നവയായിരുന്നു. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ അവശതകളെയും മുസ്ലിം ലോകത്തിന്റെ ഐക്യത്തെയും മൗലാനാ മുഹമ്മദലി അതീവ ഗൗരവത്തോടെ പത്രത്തിൽ കൈകാര്യം ചെയ്തു. 1913 അദ്ദേഹം കോമ്രേഡിന് പുറമേ 'ഹംദർദ്' എന്ന ഉറുദു പത്രവും ആരംഭിച്ചു. വടക്കേ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഹംദർദിന്റെ തുടക്കം. 1920 ആയപ്പോഴേക്കും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ തുടർന്ന് മൗലാനാ മുഹമ്മദലി ജാമിയ ഇസ്ലാമിയ സ്ഥാപിക്കുകയും ചെയ്തു. മൗലാന മുഹമ്മദലിയും മഹാത്മാഗാന്ധിജിയും തമ്മിലുള്ള സുദൃഢമായ ബന്ധം ഇന്ത്യയിലെ ഹിന്ദു മുസ്ലിം ഐക്യത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. ഇരു നേതാക്കളും പരസ്പരം അതീവ ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും പ്രവർത്തിച്ചു. 1923 മുഹമ്മദലിയെ കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. അതിന് മുമ്പ് തന്നെ അലി സഹോദരന്മാരുടെ നേതൃത്വത്തിൽ ഖിലാഫത്ത് പ്രസ്ഥാനം അത് ശക്തമായി ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. 1930 ൽ നടന്ന വട്ടമേശ സമ്മേളനത്തിലേക്ക് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് മുഹമ്മദലി ജൗഹർ പോയത്. ശക്തമായ രോഗശയ്യയിൽ നിന്നും സ്ട്രക്ചറിൽ ആയിരുന്നു അദ്ദേഹത്തെ കപ്പലിൽ കൊണ്ടുപോയത്. ബക്കിങ്ഹാം കൊട്ടാരത്തിൽ ജോർജ് ചക്രവർത്തിയുടെ മുമ്പിൽ നിന്നുകൊണ്ട് ഇന്ത്യയുടെ ഗർജിക്കുന്ന സിംഹം പ്രഖ്യാപിച്ചു:'മിസ്റ്റർ ജോർജ്, ഏഴു നാഴിക നടക്കാൻ വയ്യാത്ത ഞാൻ ഏഴായിരം നാഴിക താണ്ടി വന്നിരിക്കുന്നത് എൻറെ രാജ്യത്തിൻറെ സ്വാതന്ത്ര്യം നേടി തിരികെ പോകാനാണ്. അസ്വാതന്ത്രമായ ഒരു രാജ്യത്തിലേക്ക് തിരിച്ചു പോകുന്നതിനുപരി ഇവിടെ ഇതൊരു വിദേശരാജ്യം ആണെങ്കിലും സ്വതന്ത്ര രാജ്യത്ത് മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നില്ലെങ്കിൽ എനിക്കൊരു കബറിടം തരൂ...'ആ ധീര ദേശാഭിമാനിയുടെ ശബ്ദം പ്രകമ്പനം കൊണ്ടു. 1931 ജനുവരി 24ന് പുലർച്ചെ ആ വീരയോദ്ധാവ് ഇഹലോകവാസം വെടിഞ്ഞു. മൗലാന മുഹമ്മദലിയെ കപ്പൽ മാർഗ്ഗം കൊണ്ടുപോയി ബൈത്തുൽ മുഖദ്ദസിൽ മറവ് ചെയ്തു. നാഥൻ മഹാനവർകളുടെ പരലോക ദറജ ഉയർത്തട്ടെ....ആമീൻ
ഹർഷദ് അമീൻ
റഫറൻസ്: ഇന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ,ഇ.അഹമ്മദ് സാഹിബ്, ഗ്രേയ്സ് ബുക്സ്

0 Comments