മിയെ പേടിയായിരുന്നു എനിക്കും  ചാച്ചക്കും.  വൈകുനേരങ്ങൾ കുറഞ്ഞ മഴക്കാലത്തെ നരച്ച പകലുകളുടെ ഒടുവിൽ മിക്കപ്പോഴും ചാച്ചയുമായി തോട്ടിൻ കര കടക്കുമ്പോൾ ആമിയുടെ ചിലമ്പിച്ച ശബ്ദത്തിലുള്ള പിറുപിറുക്കൽ കാതിലേക്കിരച്ചെത്തും. 

        വൃദ്ധയായ ഒരു മനുഷ്യസ്ത്രീ പണ്ടൊരിക്കൽ ഒരു കാട്ടിൽ താമസിച്ചിരുന്നുവെന്നൊക്കെ വിടർന്ന കണ്ണുകളോടെ ഉമ്മ പറഞ്ഞ് തരുന്ന കഥകളുടെ ഇതിവൃത്തം ഞാനും ചാച്ചയും കണ്ണനക്കാതെ കേട്ടിരിക്കും.ആ കഥയിലെ വൃദ്ധ തോട്ടിൻ കരയിലെ ആമിയാണെന്ന് ഞാനും ചാച്ചയും തറപ്പിച്ചു പറഞ്ഞു.കഥ കേട്ടുറങ്ങിയ രാത്രികളിലേറെയും ആമിയുടെ വിചിത്ര രൂപം സ്വപ്നത്തിലെ ദുർമന്ത്രവാദിനിയായി വേഷം കെട്ടി മുന്നിൽ വന്നു.

  എല്ലു പൊന്തിയ ആമിയുടെ നീണ്ട മുഖം ഒരിക്കൽ മാത്രമാണ് ഞാൻ കണ്ടത്.ചാച്ച രണ്ടു വട്ടവും. കുട്ടശ്ശേരിയിലേക്ക് കുറുക്കു വഴിയായി പോകുമ്പോഴൊക്കെ ആമിയുടെ വീടിനടുത്തെ തോട്ടിൻ കര മുറിച്ചു കടക്കണം.ആമിയുടെ വീട്ടുമുറ്റത്തെത്തുമ്പോൾ ചെരിപ്പൂരി കയ്യിൽ പിടിച്ച് ഏതു നിമിഷവും ഓടാൻ തയ്യാറെന്ന ഭാവത്തിൽ ഒച്ചയുണ്ടാക്കാതെ നടക്കും.ചെരിപ്പൂരി കയ്യിൽ പിടിച്ചാൽ ഓട്ടത്തിന് ശക്തി കൂടുമെന്ന് ചാച്ച ഇടക്കിടെ ഓർമിപ്പിക്കും.ഭീതിയുടെ മുൾമുന എന്നൊക്കെ പറയില്ലെ.അത്തരത്തിലൊന്നാണ് ആമിയുടെ വീട്ടു പരിസരം.വീട്ടിനകത്ത് ആമിയുണ്ടെന്ന പേടിയാണ് നടത്തം ഓട്ടമായി പരിണമിക്കുന്നതിന് പിന്നിലെ രഹസ്യം.മെലിഞ്ഞു നീണ്ട കൈ കൊണ്ട് ഒരു പിടിത്തം പിടിച്ചാൽ തീർന്നു പോകുമെന്ന തോന്നലിനിടക്കാവും പെട്ടെന്ന് ആമിയുടെ പിറുപിറുക്കലിന്ന് ശക്തി കൂടുന്നത്.പേടി മൂർദ്ധാവിൽ വന്ന് മുട്ടും.മൂത്രമൊഴിക്കാൻ മുട്ടും.ആമി പുറത്തിറങ്ങുന്നുണ്ടെന്ന് ചാച്ച മുന്നറിയിപ്പു തരും.ചാച്ചയുടെ പിന്നാലെയുള്ള ഓട്ടം ചെന്നു നിൽക്കുന്നത് കുട്ടശ്ശേരി ചന്തയിലാവും...

   പിന്നെയും പിന്നെയും ആമി സ്വപ്നങ്ങളിലെ പേടിനിറച്ചു തുടങ്ങി.തുറന്നിട്ട ആമിയുടെ ജനലിലൂടെ കാണുന്ന ചുവരിൽ തൂക്കിയ മാൻ കൊമ്പ് കുട്ടികളെ പിടിക്കാനുള്ള ആമിയുടെ ആയുധമായി മനസ്സിലുറപ്പിച്ചു.ആ മുറിക്കകത്ത് പരന്ന് കിടക്കുന്ന ഇരുട്ട് ആമിയുടെ മാത്രം ഇരുട്ടായി തോന്നി.ഒരിക്കൽ മാത്രം കണ്ട ആമിയുടെ വിചിത്ര രൂപം കുട്ടിക്കാലത്തെ പേടി സ്വപ്നമായി... ചാച്ച വലുതായി..ഞാനങ്ങനെ തന്നെ ചെറുതായിത്തീരുന്നുവെന്ന് എനിക്കും ചുറ്റുമുള്ളവർക്കും തോന്നി..പേടി കൂടുന്നതല്ലാതെ മറ്റൊന്നും എന്നിൽ സംഭവിച്ചില്ല..

    ആമിയെ പേടിക്കാൻ മാത്രമുള്ളത് ചുറ്റുപാടുകളിലെ നിഗൂഢതകളായിരിക്കാമെന്ന് തോന്നിയിരുന്നു.അടുക്കള ഭാഗം തകർന്ന് വീണ ഒറ്റമുറി വീട് പാടത്തിന് നടുവിലങ്ങനെ ഒറ്റക്ക് തന്നെ നിന്നു. വല്ലപ്പോഴും പുറത്തിറങ്ങുമ്പോഴാകണം ആമി ഉടുത്തിരുന്ന കറുത്ത മുഷിഞ്ഞ വസ്ത്രം ആമിക്ക് ഒട്ടും ചേർച്ചയില്ലാത്തതായി തോന്നി.എന്നാലും ആമിയുടെ വിചിത്രതയുടെ മെയിൻ പോയിൻ്റ് അതായിരുന്നു. ആദ്യത്തെയും അവസാനത്തെയും കാഴ്ചയിലെ മറക്കാത്ത അനുഭവങ്ങളാവും അവ.

    ആദ്യാവസാന കാഴ്ചയിലെ ആമിയുടെ കയ്യിൽ ഒരു നീണ്ട വടിയും ഒരു തുണി സഞ്ചിയുമുണ്ടായിരുന്നു.എന്നേക്കാൾ ഒരു തവണ കൂടുതൽ ആമിയെ കണ്ട ചാച്ച പറഞ്ഞതോർക്കുമ്പം ആ സഞ്ചിയിൽ ആമി സൂക്ഷിച്ച് വെച്ചിരുന്നത് മൂർച്ചയുള്ള മലപ്പുറം കത്തിയുൾപ്പെടുന്ന ആയുധങ്ങളാണ്. വികൃതിയൊപ്പിക്കുന്ന എത്രയോ പിള്ളേരുടെ മുട്ടമണി ആമി മുറിച്ചെടുത്തിട്ടുണ്ടെന്ന ഉമ്മയുടെ ആധികാരികമായ വചനങ്ങൾ പേടിയുടെ ആക്കം കൂട്ടി..കുട്ടശ്ശേരിപ്പുഴയിലേക്ക് ഒറ്റക്ക് പോയ ചാച്ചയുടെ കൂട്ടുകാരനെ കണ്ണുരുട്ടി പേടിപ്പിച്ചിട്ടുണ്ടെന്ന മൊഴികൾ വേറെയും.

    കണ്ണടച്ചിരിക്കുമ്പോഴൊക്കെ ആമിയുടെ കൂർത്ത മുഖം കണ്ണെടുക്കാതെ നോക്കി നിന്നു.അതിനു മാത്രം കുട്ടിയായ ഞാനെന്ത് ചെയ്തുവെന്ന് ചാച്ചയോടും ഉമ്മയോടും പരിഭവപ്പെട്ടു..ആശ്വാസ വാക്കുകൾക്കപ്പുറത്ത് പേടി മാറാൻ മീരാൻ തങ്ങളുപ്പാപ്പ മന്ത്രിച്ചൂതിയ കറുത്ത ഒറ്റവരിച്ചരട്  അരയിൽ കെട്ടി കൂടെ നിന്നു ഉമ്മ..ക്രമേണ ആമി സ്വപ്നങ്ങളിൽ നിന്ന് വഴിമാറി നടന്ന് തുടങ്ങി.. ആമിയിൽ നിന്ന് ഞാനും...

      ആമിയും ആമിപ്പേടിയുമൊക്കെ മറന്ന് മണ്ണടിഞ്ഞിരുന്ന ഒരു നാൾ, മൂന്ന് വർഷങ്ങൾക്ക് മുമ്പ് ചാച്ച പറഞ്ഞാണ് അറിഞ്ഞത്.പേടി നിറച്ചിരുന്ന പാടത്തിനു നടുവിലെ പഴയ ഒറ്റമുറി വീടിൻ്റെ ചായ്പിൽ ആമിയുടെ ശരീരത്തിൽ നിറയെ ഉറുമ്പുകളായിരുന്നുവെത്രെ... ദീർഘമായ പട്ടിണിയിൽ ശോഷിച്ച ശരീരത്തിനൊപ്പം പഴയ തുണി സഞ്ചി കൂടിയവരെയൊക്കെ നൊമ്പരപ്പെടുത്തിയെന്നും..ചെറിയൊരു കുപ്പിയിൽ പഴുത്ത തെച്ചിപ്പഴങ്ങളും  പഴുത്ത് കറുത്ത് പോയ രണ്ട് നേന്ത്രപ്പഴവും മാത്രം ആമിയുടെ അന്ത്യത്തിൻ്റെ സാക്ഷികളായി നിന്നു...

      എന്നെ കൂടാതെ ആമിയുമായുള്ള ചാച്ചയുടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്..വർഷങ്ങളുടെ ദൂരത്തിനിടയിൽ ആമി സ്വപ്നങ്ങളിലെ വാതിലിൽ വന്ന് വീണ്ടും മുട്ടുന്നുണ്ട്..പഴയ നീളൻ വടിയും മലപ്പുറം കത്തിയുമായി...

                                                                                                                    Anees kt  anjachavadi