"അറിവിലേക്കുള്ള വെറുമൊരു വഴികാട്ടി മാത്രമാണ് ഞാൻ " ബഹുമാനം അർഹിക്കാത്ത തരത്തിൽ അധ്യാപനങ്ങൾ കാഴ്ചവെച്ചുകൊണ്ട് ബഹുമാനം തട്ടിപ്പറിച്ചു വാങ്ങിക്കുന്ന ആധുനിക കാലഘട്ടത്തിൽ ബഹുമാനം അർഹിക്കുന്ന അറിവുകളാലും അധ്യാപനശൈലിയാലും വിദ്യാർഥിയെന്ന യോദ്ധാവിനെ പോർക്കളത്തിൽ പേനയെന്ന ആയുധമേന്തി പോരിടുവാൻ തയ്യാറാക്കുന്ന ഒരു അധ്യാപകന്റെ വാക്കുകളാണിത്. ദാറുതഖ്വാ ഇസ്ലാമിക അക്കാദമി സീനിയർ അധ്യാപകനായ ഞങ്ങളുടെ സാബ്യാട്ടനായ സാബു മാഷിന്റെ വാക്കുകൾ. ആറ്റൂർ രവിയെ പോലെ പ്രകൽഭരായ അധ്യാപകരുടെ ശികഷണത്തിൽ പഠനം പൂർത്തീകരിച്ച വ്യക്തിയാണ് സാബു മാഷ്. പഠന കാലത്ത് താൻ ഒരു അധ്യാപകനായി കുട്ടികളെ അഭിമുഖീകരിക്കുന്നത് ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് കാലം കാത്തുവെച്ചത് വിദ്യാര്ഥികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട അധ്യാപകനെന്ന സ്ഥാനമായിരുന്നു. ഇരുപത് വർഷത്തിലേറെ അധ്യാപന രംഗത്ത് പരിചയ സമ്പത്തും തോല്കുമെന്നു ഉറപ്പിച്ച വിദ്യാർത്ഥികളുടെ വിജയത്തിന്റെ പാതയിലേക്ക് നയിക്കുകയും വിജയസൂര്യന്റെ പ്രകാശം കൊണ്ട് അവരുടെ ജീവിതത്തെ പ്രകാശിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥി കാലഘട്ടത്തിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുമ്പോഴും ക്രിക്കറ്റ് കളിച്ചും ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയി ഉഴപ്പി നടന്ന സാബുവിനെ പോലെ ഒരിക്കലും ആവാതിരിക്കാൻ എപ്പോഴും ഉപദേശിക്കും. അച്ചടിച്ചത് മാത്രം പഠിപ്പിക്കുന്നവരിൽ നിന്ന് മാറി പുസ്തകങ്ങളിലപ്പുറത്തുള്ള ലോകങ്ങളിലേക്ക് മാഷ് കൂട്ടികൊണ്ടുപോവും. പർവതത്തിന്റെ ഉത്തുംഗതയിലെത്തുന്നതു വരെ ഉയർന്നു പോവുകയും ഉത്തുംഗശൃംഗതയിലെത്തിയാൽ താഴോട്ടാണ് എന്നതുപോലെ ഏതൊന്നും പൂർണതയിലെത്തിയാൽ വളർച്ച നിൽക്കുകയും അടുത്തതായി കാത്തിരിക്കുന്നത് വളർച്ചയല്ല താഴ്ച്ചയായിരിക്കുമെന്ന ബോധത്തെ ഉൾക്കൊണ്ടിട്ടാവും മാഷ് ഇത്രയുമധികം വിനീതനാവുന്നത്. പണ്ടാരോ പറഞ്ഞതു പോലെ അഹങ്കാരിക്ക് അധോഗതിയും വിനയാന്വിതനു പുരോഗതിയും. പക്ഷെ അത് മറ്റുള്ളവരുടെ ഹൃദയത്തിലാവുമ്പോൾ തോത് കൂടും. തന്റെ ജീവിതം തനിക്ക് ഇഷ്ടപ്പെട്ടത് പോലെ ദേഹേച്ഛയെ നിയന്ത്രിച്ചു കൊണ്ടും താൻ പ്രവർത്തിക്കുന്ന മേഖലയിലെ ആത്മാർത്ഥതയും കൊണ്ടാവാം ആദ്യ സമയത്ത് അദ്ദേഹം തന്റെ അച്ഛൻ വാഗ്ദാനം ചെയ്ത അധ്യാപന ജോലി വെടിഞ്ഞത്. തന്റെ മുമ്പിൽ എത്തുന്ന ഓരോ പഠിതാക്കളുടെയും അകമറിഞ്ഞ് പെരുമാറുന്നതിലും മാഷിന് പ്രത്യേക സിദ്ധിയുണ്ട്. തന്റെ ഗുരുക്കന്മാരെ അവരുടെ മൂല്യങ്ങൾ മനസ്സിലാക്കി ബഹുമാനിക്കുന്നതിലും ശിഷ്യന്മാരുടെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നതിലും അവരോട് ഇടപഴകി ജീവിക്കാൻ വളരെയധികം പരിശ്രമിക്കുകയും ചെയ്യുന്നു. 'ഞാൻ പഠിപ്പിച്ചവരൊക്കെ ഓരോ നല്ല നിലയിലെത്തിയിട്ടും നീ മാത്രം എന്താടാ സാബുവേ ഇങ്ങനെ ഗതി പിടിക്കാത്തത് ' എന്ന ഗുരുവിന്റെ ചോദ്യം മാഷിനെ മൗനിയാക്കിയിട്ടുണ്ട്. പഠിപ്പിക്കുന്ന പാഠങ്ങളിലൂടെ കുട്ടികളുടെ സാമൂഹ്യബോധത്തെ വളർത്തിയുടുക്കാനും വായനാശീലത്തെ പ്രോത്സാഹിപ്പിക്കുവാനും നിരന്തരം ആവശ്യപ്പെടുന്നു. തമാശകളിലൂടെ ക്ലാസ്സിന്റെ മൂകതയെ ഇല്ലാതാക്കാനുള്ള ഓരോ ചരിത്രങ്ങളും സാഹിത്യവും സംഭങ്ങളും എടുത്തിടുന്നതിലൂടെ കുട്ടികളിൽ താല്പര്യകത കൂടുന്നു.പ്രായമേറുമ്പോൾ തന്നെ പറക്കാനനുവദിക്കാതെ നീണ്ടു വളർന്ന ചിറകുകളെ തന്റെ മൂർച്ഛയറ്റ ചുണ്ടുകളെ പാറയുമായി പോരടിപ്പിച്ചു മൂർച്ചയുള്ളതാക്കി നീണ്ട ചിറകുകളെ കൊത്തികളഞ്ഞുകൊണ്ട് നാല്പത് വയസ്സിനെ അതിജീവിക്കുന്ന പരുന്തിനെ പോലെ പഴമയാർന്ന ഊർജ്ജത്തെ പുതുമയാർന്ന കഴിവുകളിലൂടെ വീണ്ടെടുത്തു പുതുമയാർന്ന വിദ്യാർത്ഥികളെ പഴമയാർന്ന രീതികളിൽ നിന്ന് മോചിപ്പിക്കാൻ മാഷിന് സാധിക്കട്ടെ...
ഹാഫിള് അൽതാഫ് പെരുമ്പാവൂർ

2 Comments
മാഷാ അല്ലാഹ് 🥰
ReplyDelete✨👍
ReplyDelete