"ഹോ.... ഹോ.... ഹോ

 ഗുത്തിനി പാലിട്ട ലിട്ടാപ്പോ

 സഞ്ചിനി ബാലിക്ക ലുട്ടാപ്പി

 ഹാലിത്ത മാണിക്ക ലിഞ്ചല്ലോ

 സങ്കര ബാഹ്ന തൂലിപി

 ഹുഞ്ചിനി ഹീലത്ത ഹുത്താലോ

 ഫാനത്ത ലാക്കിടി ജിംബാലോ "


                      -ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

            ഐഷുമ്മ പാത്തുമ്മാക്ക് പാടിക്കൊടുത്തു. ഇതു കേട്ട പാത്തുമ്മ ചോദിച്ചു. 'ഇതേത് ഭാഷ?' അപ്പോൾ ഐഷയുടെ മറുപടി - "അടിയൻ അജ്ഞയാണ്. ഇതിൻറെ അർത്ഥം സാക്ഷാൽ ബഷീറിനെ അറിയൂ...

ബഷീറാണ് ഇതിൻറെ കർത്താവ്"

         അല്ലെങ്കിലും ഇതേത് ഭാഷ? അത് പിന്നെ ഭാഷ ഏതായാലെന്ത്? നല്ല ഈണത്തിൽ പാടിയ പോരെ.......

                     ഒറ്റനോട്ടത്തിൽ ബഷീറിൻറെ ഭാഷ ശൈലി "വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്" എന്ന തെക്കൻ ജില്ലകളിലെ പഴമൊഴി ആയി തോന്നിയേക്കാം. എന്നാൽ കാര്യം അങ്ങനെയല്ല, ഏറെ ചിരിപ്പിക്കുന്നതും രസിപ്പിക്കുന്നതും അതിലേറെ ചിന്തിപ്പിക്കുന്നതുമാണ് ബഷീറിയൻ ഭാഷ ശൈലി. "ഇച്ചിരിപ്പിടിയോളം ബുദ്ധി ദൈവം തമ്പുരാൻ തന്നിട്ടുണ്ട്. ഇച്ചിരിയോളം അനുഭവങ്ങളുമുണ്ട്. അതൊക്കെ വച്ച് ഞാൻ വിശ്വസാഹിത്യം കാച്ചുന്നു. ഇനി ഇതൊന്നും പറ്റുന്നില്ലെങ്കിൽ കാലണയ്ക്ക് ചൂണ്ട മേടിച്ച് മീൻപിടിക്കാൻ പോകും." സ്വന്തം എഴുത്തിനെക്കുറിച്ച് അല്ലെങ്കിൽ സ്വന്തം ശൈലിയെ കുറിച്ചുള്ള ബഷീറിന്റെ വാക്കുകളാണിവ. തനതായ ശൈലിയിൽ രചിച്ച് ആസ്വാദകരിൽ പുളകം കൊള്ളിച്ച  പ്രധാന എഴുത്തുകാരിലൊരാളായ ബഷീർ, തന്റെ ജീവിത പരിസരങ്ങളിലുള്ള ആളുകളെ തന്നെയായിരുന്നു പ്രധാന കഥാപാത്രങ്ങളായി അണിനിരത്തിയതും. അബു, ഹനീഫ, ഐഷ, പാത്തുമ്മ എന്നിവരൊക്കെയായിരുന്നു ബഷീറിയൻ ചിന്തകളിലെ കേന്ദ്രകഥാപാത്രങ്ങൾ. ഒരിക്കൽ തലയോലപ്പറമ്പിൽ ബഷീർ ബുക്സ്റ്റാൾ നടത്തുന്ന സമയം. പൊൻകുന്നം വർക്കി ഒരു ദിവസം അദ്ദേഹത്തിൻറെ സ്റ്റാളിലേക്ക് വന്നു. ഒരു കോപ്പി വിറ്റു പോയാലാണ് ഒരു നേരത്തെ ഭക്ഷണം വാങ്ങാൻ കഴിയുക. നിർഭാഗ്യകരമെന്ന് പറയട്ടെ, അന്ന് ഒരൊറ്റ കോപ്പി പോലും വിറ്റുപോയിട്ടില്ല. അതുകൊണ്ട് തന്നെ ഹോട്ടലിൽ നിന്നും കടം പറഞ്ഞു രണ്ടു പൊതിച്ചോറ് വാങ്ങി വച്ചിട്ട് ബഷീറും വർക്കിയും കുളിക്കാൻ പോയതാണ്. കുളി കഴിഞ്ഞു വന്നപ്പോൾ ഒരു നായ ഭക്ഷണം കഴിച്ച് ഇലനക്കിത്തുടയ്ക്കുന്നതാണ് കണ്ടത്. ഇത് കണ്ട മാത്രയിൽ വർക്കിക്ക് അതിനെ തല്ലി കൊല്ലാനാണ് തോന്നിയത്. എന്നാൽ ബഷീർ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് വളരെ നിശബ്ദനായി ഒരു ഗ്ലാസ് വെള്ളമെടുത്തു നായയ്ക്കു നേരെ നീട്ടിയിട്ട് പറഞ്ഞു. "ഇതുകൂടി കുടിച്ചിട്ട് പോടാ കള്ള നായിന്റെ മോനെ.."  ബഷീർ തന്റെ കഥകളിൽ എപ്രകാരമായിരുന്നോ അപ്രകാരം തന്നെയായിരുന്നു തന്റെ ജീവിതത്തിലും. ചുരുക്കിപ്പറഞ്ഞാൽ, സ്വന്തം ജീവിതം നേരെ അച്ചടിച്ച് കഥകളാക്കി മാറ്റിയെന്ന് സാരം. ബഷീറിയൻ ഭാഷകളിൽ ഒരു വാക്ക് തനതായ രീതിയിൽ തനതായ ഇടത്തിൽ വെച്ചാൽ മാത്രമേ അതിന്റെ ചിന്താപരമായ അർത്ഥവ്യാപ്തി മനസ്സിലാവുകയുള്ളൂ. 'ഛട്പുക്കോന്ന്'- ഛട്പുക്കോന്ന് പോക്കര് വേലിയിൽ നിന്ന് താഴെ വീണു. ഇങ്ങനെയാകുമ്പോൾ അതിന്റെ അർത്ഥം 'വളരെ പെട്ടെന്ന് വീണു' എന്നാണെന്ന് മനസ്സിലാക്കാം. അതുപോലെതന്നെ 'ഡിം! പാത്തുമ്മയുടെ ആട് പ്രസവിച്ചു'. ഇവിടെ എത്ര മനോഹരമായിട്ടാണ് ബഷീർ ഒരു അക്ഷരത്തിന്റെ സഹായത്തോടുകൂടി വളരെ അർത്ഥവ്യാപ്തിയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതുപോലെ ബഷീറിയൻ കൃതികളിൽ 'സ്ത്രീ' എന്ന കഥാപാത്രത്തെ വ്യത്യസ്ത രീതികളിലൂടെ വായനക്കാർക്ക് മുന്നിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്. സ്ത്രീ, അവൾ മധുവാണ്. കൊടും വിഷമാണ്. അവൾ സുന്ദരമായ ഒരു കുഴഞ്ഞ പ്രശ്നമാണ്. സുന്ദരമായ നുണയാണ് സ്ത്രീ. ബുദ്ധിയില്ലാത്ത മൃഗമാണ്. നന്മ തിന്മകളുടേയും സുഗന്ധ ദുർഗന്ധങ്ങളുടേയും  സൗന്ദര്യവൈരൂപ്യങ്ങളുടേയും നിഴലാണ് സ്ത്രീ. അവൾ സംഗീതമാണ്. കൊടുങ്കാറ്റാണ്. എത്ര പ്രായമായാലും അവൾ ഒരു കൊച്ചുകുഞ്ഞാണ്. കൊച്ചു കുഞ്ഞായാലും അവളൊരു പ്രായമായ സ്ത്രീയാണ്. മഹാപ്രപഞ്ചമാണ്. പഠിച്ച കളിയാണവൾ. സുഗന്ധത്തിൽ മുങ്ങിയ ചന്ദ്രികാച്ചർവ്വിതമായ ഘോരകാന്തമാണവൾ. ഇങ്ങനെയെല്ലാം ബഷീർ 'സ്ത്രീ' എന്ന പ്രതിഭാസത്തെ പറഞ്ഞുവെച്ചെങ്കിലും ഇതൊന്നും മതിയാവാതെ മറ്റൊരു തലത്തിലൂടെയും വർണ്ണിക്കുന്നു.

 

      "സ്ത്രീ ഒരു കുഞ്ഞാണ്ടക്കുടുക്കുകയാണ്."

         "അവൾ ഒരു ഹുന്ത്രാപ്പി ബുസാട്ടോയാകുന്നു. "


എന്തൊക്കെയാണാവോ ഇതിന്റെയൊക്കെ അർത്ഥങ്ങൾ.. ഐഷുമ്മ പറഞ്ഞപോലെ അടിയൻ അജ്ഞനാണ്. എന്നാൽ രസകരമെന്നു പറയട്ടെ, ആസ്വാദകർക്ക് പല രീതിയിൽ ഇതിനെ വർണിക്കാൻ സാധിക്കുന്നുണ്ടെന്നാണ് വാസ്തവം. ഇത്രയും സുന്ദരമായ രീതിയിൽ, ഫലിത രൂപത്തിൽ തനതായ ശൈലിയിൽ അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരനും പിറവി എടുത്തിട്ടില്ല എന്നതു തന്നെയാണ് ബഷീർ ഇന്നും ജനമനസ്സുകളിൽ ഇടം പിടിക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും..


Alfaz pm

Book review